ചെന്നൈ: അധികാരമേറ്റതിനു പിന്നാലെ സൗജന്യ വൈദ്യുതി, സ്ത്രീസുരക്ഷ എന്നിവയില്‍ ആദ്യ ഉത്തരവ് പുറത്തിറക്കി മുഖ്യമന്ത്രി വിജയ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേന രൂപീകരിക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ലഹരിമരുന്നു വ്യാപനം തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെയും നിയോഗിച്ചു. ലഹരി മാഫിയയിൽനിന്നു കുട്ടികളെ സംരക്ഷിക്കുകയെന്നതു സർക്കാരിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സേനയ്ക്കുപുറമെ ഹെല്പ് ലൈനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നീ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുതാര്യമായ ഭരണസംവിധാനമായിരിക്കും തന്റെ സർക്കാർ കാഴ്ചവയ്ക്കുകയെന്നും വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്നും വിജയ് വ്യക്തമാക്കി. ഭരണത്തിൽ പലതരം അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, ഈ സർക്കാരിൽ ഒരേയൊരു കേന്ദ്രം മാത്രമേ ഉണ്ടാകൂവെന്നും അതു തന്റെ നേതൃത്വത്തിലുള്ള കേന്ദ്രമായിരിക്കുമെന്നും അറിയിച്ചു.